വനത്തിനുള്ളില്‍ നിന്ന് ഔഷധചെടികളും മറ്റ് വനോല്‍പ്പന്നങ്ങളും ശേഖരിച്ച് വില്‍പ്പന നടത്തുന്നതാണ് സംഘത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗം. സംസ്ഥാനത്തെ പ്രമുഖ ആയുര്‍വേദ മരുന്ന് നിര്‍മ്മാതാക്കളായ കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, ഔഷധി, കോയമ്പത്തൂര്‍ ആര്യവൈദ്യശാല തുടങ്ങിയവയ്ക്ക് മരുന്ന് നിര്‍മ്മിക്കാനാവശ്യമായ ഔഷധ സസ്യങ്ങള്‍ വലിയ തോതില്‍ വില്‍പ്പന നടത്തുന്നുണ്ട്. കൂടാതെ നാഗാര്‍ജുനയും വൈദ്യരത്‌നം പോലുള്ള സ്ഥാപനങ്ങളും വാങ്ങുന്നുണ്ട്. വര്‍ഷം തോറും ഉണങ്ങിയ ഔഷധസസ്യങ്ങള്‍ കയറ്റിയയച്ച് ഏകദേശം അഞ്ച് കോടിയോളം രൂപയുടെ വിറ്റുവരവുണ്ട്. ഇരുള, മുഡുക ഗോത്രത്തില്‍പ്പെട്ടവര്‍ ശേഖരിക്കുന്ന വനവിഭവങ്ങളും സംഘം വാങ്ങുന്നുണ്ട്. എന്നാല്‍ സഹകരണ സംഘത്തില്‍ കുറുമ്പ ഗോത്രത്തില്‍പ്പെട്ടവര്‍ മാത്രമാണ് അംഗങ്ങള്‍.ശേഖരിക്കുന്ന വനവിഭവങ്ങള്‍ അതത് ഊരുകളില്‍ത്തന്നെ സൂക്ഷിച്ച് ഉണക്കി നിര്‍ദിഷ്ട വലിപ്പമുള്ള കഷണങ്ങളാക്കിയശേഷം സംഘം ഏര്‍പ്പാട് ചെയ്യുന്ന വാഹനത്തില്‍ ശേഖരിച്ച് സംഘംവക ഗോഡൗണുകളില്‍ എത്തിക്കുകയാണ് ചെയ്യുക.
മുക്കാലിയിലെ മോഡല്‍ റസിഷന്‍ഷ്യല്‍ ഹോസ്റ്റലിനവാശ്യമായ സ്‌റ്റേഷനറിയും പഴങ്ങളും മറ്റും വില്‍ക്കുന്ന വകയിലും സംഘത്തിന് വരുമാനം കിട്ടുന്നുണ്ട്. ലാഭത്തിന്റെ 25 ശതമാനം അംഗങ്ങള്‍ക്ക് പര്‍ച്ചേസ് ബോണസായി നല്‍കും.
പ്രസിഡന്റും ഭരണസമിതിയംഗങ്ങളും സാധാരണ അംഗങ്ങളുമൊക്കെത്തന്നെയാണു വനവിഭവങ്ങള്‍ ശേഖരിക്കുന്നതും പൊടിക്കുന്നതും പായ്ക്ക് ചെയ്യുന്നതും. കെ.എസ്. മുരുകനാണു പ്രസിഡന്റ് അദ്ദേഹം. പുതൂര്‍ പഞ്ചായത്ത് മുന്‍ അംഗമാണ്. മരുതി സി, മല്ലിക കെ, ശിവന്‍ പി, കുറുമ്പന്‍ ബി, നാഗി കെ, സോമന്‍.എം എന്നിവരാണു ഭരണസമിതിയംഗങ്ങള്‍. വനംറേഞ്ച് ഓഫീസറും സഹകരണസംഘം യൂണിറ്റ് ഇന്‍സ്പെക്ടറും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറും എക്സ് ഒഫീഷ്യോ അംഗങ്ങളാണ്. സിന്ധു.പിയാണ് സെക്രട്ടറി.