വനവിഭവങ്ങളുടെ വില്‍പ്പനയ്ക്ക് മാത്രമല്ല ഇവരുടെ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടുമിക്ക കാര്യങ്ങളും ഈ സൊസൈറ്റി മുഖേനയാണ് ബന്ധപ്പെട്ടു കിടക്കുന്നത്. മണ്ണാര്‍ക്കാട് താലൂക്കില്‍ പുതൂര്‍ പഞ്ചായത്ത് പരിധിയില്‍പ്പെട്ട സംഘമാണിത്. അട്ടപ്പാടി മുക്കാലിയില്‍ നിന്ന് സൈലന്റ് വാലി റൂട്ടില്‍ നാലു കിലോമീറ്റര്‍ ഉള്ളിലേക്ക് ചെല്ലുമ്പോള്‍ ചിണ്ടക്കിയിലാണ് സംഘം ഓഫീസ്. ഒരേക്കര്‍ പതിനഞ്ച് സെന്റ് സ്ഥലം ഇവിടെ സംഘത്തിനുണ്ട്. ഓഫീസ്, മൂന്നു ഗോഡൗണുകള്‍,തേന്‍ സംസ്‌കരണകേന്ദ്രം, ഇക്കോ ഓര്‍ഗാനിക് ഷോപ്പ് എന്നിവയുമുണ്ട്. കൂടാതെ ചിണ്ടക്കിയിൽ കണ്‍സ്യൂമര്‍ സ്റ്റോറുമുണ്ട്. കുറുമ്പ ഗോത്രത്തിലെ 1018 പേരാണ് അംഗങ്ങള്‍. നാല് ജീവനക്കാരുണ്ട്. കുറുമ്പരുടെ 3000 ത്തിലേറെ വരുന്ന കുടുംബാംഗങ്ങള്‍ക്കും വേണ്ടിയുള്ള ക്ഷേമപ്രവര്‍ത്തനങ്ങളും മറ്റ് സര്‍ക്കാര്‍ പദ്ധതികളും ഈ സംഘം വഴി നടത്തി വരുന്നുണ്ട്. കൂടാതെ 1000 ത്തിലേറെ ആദിവാസികള്‍ക്ക് തൊഴില്‍ നല്‍കാനും സംഘത്തിന് കഴിയുന്നുണ്ട്. സംസ്ഥാന തലത്തില്‍ തന്നെ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിച്ചു വരുന്ന സംഘങ്ങളിലൊന്നാണിത്. കഴിഞ്ഞ 18 വര്‍ഷത്തിലേറെയായി പാലക്കാട് ജില്ലയില്‍ തന്നെ ഏറ്റവും ലാഭകരമായി മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന പട്ടികവര്‍ഗ്ഗ സേവന സഹകരണ സംഘമെന്ന അവാര്‍ഡും തുടര്‍ച്ചയായി സംഘം നേടിവരുന്നു.